പ്രമുഖ പത്രങ്ങൾ പറയുന്നു - ക്വാറികൾ പെരുകുന്നു, ജലനിരപ്പ് താഴുന്നു എന്നൊക്കെ. വാർത്ത എഴുത്തുകാർ അത്യാവശ്യം നന്നായി തന്നെ വിവരങ്ങൾ ചേർക്കാറുമുണ്ട്. പക്ഷെ പ്രശ്നം വാർത്തകളിൽ പറയുന്നതുപോലെയാണോ? ക്വാറിക്കാരൻ നടത്തുന്ന നിയമപരമായ പ്രവർത്തനത്തെ നിയമവിരുദ്ധമെന്ന് വ്യാഖ്യാനിക്കലും അതിനെ പരിസ്ഥിതി പ്രശ്നമായി ഉയർത്തിക്കാട്ടുകയും ചെയ്ത് നടത്തുന്ന പരിസ്ഥിതി സംരക്ഷണത്തിൻ്റെ പാളിച്ചകളല്ലേ പ്രധാനമായും ചർച്ച ചെയ്യേണ്ടത്? കേരളത്തിലെ ന്യൂജെൻ ബ്രേയ്ലർ ജേണലിസ്റ്റുകളും പരിസ്ഥിതി ആക്ടിവിസ്റ്റുകളും വനം പരിസ്ഥിതി വകുപ്പും അവർ പറയുന്നതിന് അനുസരിച്ച് നയം ഉണ്ടാക്കുന്നുവെന്ന പേരിൽ യഥാർത്ഥ പരിസ്ഥിതി പ്രശ്നങ്ങളെ വഴി തിരിച്ചുവിടുന്നതിന് പ്രധാനമായും ഉപയോഗിക്കുന്ന ആയുധമാണ് ക്വാറി ഉടമകളെ മാഫിയ ആക്കി ചിത്രീകരിക്കുക എന്നത്. ഒരു വ്യവസായത്തെ മാഫിയ എന്ന പേരിൽ ചാപ്പ കുത്തുന്ന മേൽപ്പറഞ്ഞവർ യഥാർത്ഥത്തിൽ ഇന്ത്യൻ നിയമങ്ങളെയാണ് പരിഹസിക്കുന്നത്. അത് തിരിച്ചറിയണമെങ്കിൽ ആദ്യം ക്വാറികൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയണം.
ഇന്ത്യയിൽ നിലനിൽക്കുന്ന വ്യവസായിക നിയമപ്രകാരം ആണ് ക്വാറികൾ ആരംഭിക്കുന്നത്.
മലിനീകരണ നിയന്ത്രണബോർഡ്,
എക്സ്പ്ലോസീവ്, പാരിസ്ഥിതികാനുമതി, പഞ്ചായത്ത്, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് എന്നിവരുടെയെല്ലാം അനുമതി വാങ്ങി മാത്രമാണ് ക്വാറികൾ തുടങ്ങുന്നത്. ഇവയെല്ലാം കൃത്യമായ കാലാവധികളിൽ പുതുക്കുകയും വേണം. വൻ തുകയാണ് ഇതിനെല്ലാമുള്ള ഫീസ്. കൂടാതെ ഒരോ ദിവസവും വിൽപ്പന നടത്തുന്ന ഉൽപ്പന്നത്തിൻ്റെ നിശ്ചിത ശതമാനം റോയൽറ്റി ഇനത്തിൽ സർക്കാരിനു നൽകണം. ഇതിന് പുറമേയുള്ള മറ്റെല്ലാത്തരം ചിലവുകളും നികുതികളും നൽകുകയും വേണം. നിലനിൽക്കുന്ന നിയമ വ്യവസ്ഥകൾ പാലിച്ച്, മറ്റെല്ലാ തരം വ്യാപാരങ്ങളും വ്യവസായങ്ങളും ചെയ്യുന്നതു പോലെ ലൈസൻസ് എടുത്ത് പാറ പൊട്ടിച്ചാലും വിളിപ്പേര് ആണ് രസകരം - ക്വാറി മാഫിയ എന്നും! അങ്ങനെ വിളിക്കാൻ ഉള്ള ന്യായീകരണമായി പറയുന്നത് അനധികൃത ഖനനം നടത്തുന്നു എന്നും അനധികൃത ക്വാറി നടത്തുന്നു എന്നുമൊക്കെയാണ്. അനധികൃതമായി ഒരു ക്വാറിയും നടത്താൻ സാധിക്കില്ല. എല്ലാം സർക്കാർ അനുമതിയോടെ മാത്രമേ നടക്കൂ. അങ്ങനെയെങ്കിൽ അനധികൃതമായി ക്വാറി പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിൻ്റെ ഉത്തരവാദിത്വം സർക്കാരിനാണ്. അനധികൃതമായി ഖനനം നടത്താതിരിക്കാൻ നടപടി സ്വീകരിക്കാതെയാണ് സർക്കാർ ഉള്ളതെങ്കിൽ സർക്കാരിനെ അനധികൃത സർക്കാർ എന്ന് വിളിക്കാത്തതെന്തുകൊണ്ട്?
രണ്ടുതരം ലൈസൻസുകളാണ് ക്വാറി കൾക്ക് നൽകുന്നത്. ഓരോ വർഷത്തേക്കുള്ള ഷോർട്ട് ടൈം പെർമിറ്റുകളും ലീസുകളും ഒരു ഹെക്‌ടറിൽ താഴെയുള്ള ക്വാറികൾക്കാണ് ഒരുവർഷത്തേക്ക് പെർമിറ്റ്
നൽകുന്നത്. അപ്പോൾ ദീർഘകാല ഖനനാനുമതി ലഭിക്കണമെങ്കിൽ എത്രയോ നിയമ വ്യവസ്ഥകൾ പാലിക്കേണ്ടി വരും?
വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായതേ കുറ്റം വിധിച്ചത് ക്വാറികളെയാണ്. രസകരമായ കാര്യം ദുരന്തം ഉണ്ടായ പ്രദേശത്തിൻ്റെ 20 കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഒരു ക്വാറി പോലുമില്ല. പക്ഷെ പ്രകൃതിദുരന്തം എന്ന് കേട്ടാലുടനെ ഗാഡ്ഗിലും കുറച്ച് രാഷ്ട്രീയ- പരിസ്ഥിതി പ്രവർത്തകരും ക്വാറികൾക്ക് എതിരെ കുറ്റാരോപണവുമായി എത്തുകയായി.ക്വാറികൾക്കാണ് ഇവയുടെ ഉത്തരവാദിത്വമെങ്കിൽ അതിലെ പ്രധാന ഉത്തരവാദി സർക്കാരാണ്. കാരണം സർക്കാർ ആണ് ഈ ക്വാറികൾക്കെല്ലാം അനുമതി നൽകിയത്. മറ്റ് കുറ്റവാളികൾ പഞ്ചായത്ത് ഭരിക്കുന്നവർ മുതൽ ഉള്ളവരും ഉദ്യോഗസ്ഥരുമാണ്. ജിയോളജി, മലിനീകരണ നിയന്ത്രണ ബോർഡ്, ഫയർ ആൻ്റ് സേഫ്റ്റി വരെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞൻമാരും ഉത്തരവാദികളാണ്. കാരണം നിരവധി കാലമെടുത്ത് അനവധി പരിശോധനകൾ ശാസ്ത്രീയമായി നടത്തി, ഗുണിച്ചും ഹരിച്ചും, കുറച്ചും കൂട്ടിയും ആവറേജും ശതമാനവും കണക്കാക്കിയും കൊസീക് തീറ്റ മുതൽ ക്വതനാങ്കം വരെ കണക്കിലെടുത്തും പാർട്ടിക്കമ്മറ്റി മുതൽ പരിസ്ഥിതി കമ്മിറ്റവരെയുള്ളവരുടെ കത്തും ഒക്കെ കൊടുത്താണ് ഓരോ ക്വാറിയും തുടങ്ങുന്നതും നടത്തുന്നതും. ലോറിയിൽ കയറ്റുന്ന ഉൽപ്പന്നത്തിന് ടാക്സും റോയൽറ്റിയും കൊടുക്കണം. വഴി നീളെ കാത്തു നിൽക്കുന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും കണ്ടെത്തി കുറിച്ചു കൊടുക്കുന്ന നിസാര പാളിച്ചകൾക്ക് വരെ 50000 രൂപ മുതൽ ലക്ഷങ്ങൾ വരെ പിഴ കൊടുക്കണം.... തീർന്നില്ല കഴിഞ്ഞ കാൽനൂറ്റാണ്ടിന് മുൻപ് ആരോ പൊട്ടിച്ചെടുത്ത കല്ലിൻ്റെ അളവ് കവടി നിരത്തി ഗണിച്ച് കിട്ടുന്ന അളവിനും തൂക്കത്തിനും അനുസരിച്ച് പോലും റോയൽറ്റി നൽകണമെന്ന നിർദ്ദേശം വരെ സമീപകാലത്ത് സർക്കാർ സീല് പതിച്ചു കൊടുത്ത സംഭവം വരെയുണ്ട്. പോരാത്തതിന് അടുത്ത വർഷത്തേക്ക് വരെ പൊട്ടിച്ചെടുക്കാൻ പോകുന്ന പാറയുടെ അളവ് സംബന്ധിച്ച മൈൻ പ്ലാൻ തയാറാക്കി അതിൻ്റെ റോയൽറ്റി കൂടി മുൻകൂർ വാങ്ങാനും നിർദ്ദേശിക്കുന്നിടം വരെ എത്തിയിരിക്കുന്നു നിയമ നിബന്ധനകളുടെ മറവിലുള്ള ഇടപെടലുകൾ.
വയനാട്ടിൽ ഇപ്പോൾ ഉള്ളത് 11 ക്വാറികൾ മാത്രമാണ്. അതിൽ ഒരെണ്ണം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ബാക്കി 10 എണ്ണമാണോ ദുരന്തത്തിന് കാരണമെന്ന് ഗാഡ്ഗിൽ വ്യക്തമാക്കണം, തെളിയിക്കണം.
കേരളത്തിൽ ആകെ 5961 ക്വാറികൾ ഉണ്ടെന്ന് 2019 ൽ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ടി.വി.സജീവ്, സി.ജെ.അലക്സ് എന്നിവർ അവകാശപ്പെട്ടതോടെ ക്വാറിവിരുദ്ധത ശക്തമായി. പക്ഷെ കേരളത്തിൽ പെർമിറ്റിൽ പ്രവർത്തിക്കുന്നതും ലീസിൽ പ്രവർത്തിക്കുന്നതുമായ 527 ക്വാറികൾ മാത്രമാണ് ഉള്ളതെന്ന് സർക്കാർ കണക്കുകൾ പറയുന്നു. ഇതിൽ കൂടുതലായി ഉണ്ടങ്കിൽ ഉത്തരവാദികളാര്? നിയമപ്രകാരം ക്വാറി നടത്തുന്ന 527 പേരോ അതോ അതിൽ കൂടുതൽ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ക്വാറികൾ നടത്തുന്നവരും അത് പൂട്ടിക്കാതെ വച്ചു കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരും സർക്കാരു മോ?
ഇനിയും നുണപറയുന്നവരെ തിരിച്ചറിയുക....
(അക്കഥ നാളെ തുടരും)
How many quarries in Kerala? 5961? Or 527?